ഒരിക്കൽ, ദക്ഷിണാഫ്രിക്കയിലെ ജഡ്ജിമാരുടെ ചേംബറുകളിൽ പ്രവേശിക്കുന്നതിൽ അവർക്കു വിലക്കേർപ്പെടുത്തി. കാരണം, അവരുടെ തൊലിയുടെ നിറം കറുപ്പായിരുന്നു. അവഹേളനങ്ങൾ അവളെ തളർത്തിയില്ല. വർഷങ്ങൾക്കുശേഷം അവർ ദക്ഷിണാഫ്രിക്ക ഹൈകോർട്ടിലെ വെളുത്ത വർഗക്കാരിയല്ലാത്ത ആദ്യ വനിതാ ജഡ്ജിയായി മാറി. പോരാട്ടങ്ങളുടെയും സമരങ്ങളുടെയും ത്യാഗോജ്വലമായ ജീവിതമാണ് അവരുടേത്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണർ സ്ഥാനം വരെ അവർ അലങ്കരിച്ചു. ഇപ്പോൾ 85-ാം വയസിൽ സമാധാനത്തിനുള്ള പരമോന്നത പുരസ്കാരം അവരെ തേടിയെത്തി. അവരുടെ പേര്, നവനീതം നവി പിള്ള. ഇന്ത്യൻ തമിഴ് വംശജ.
ദക്ഷിണാഫ്രിക്കയിലെ വർണവിവേചന വിരുദ്ധ പ്രവർത്തകരെ സംരക്ഷിക്കുന്നതിനും, റുവാണ്ടയിലെ വംശഹത്യക്കു കാരണക്കാരായവർക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിനും നടത്തിയ നിയമപോരാട്ടങ്ങളിലൂടെയാണ് മുൻ യുഎൻ മനുഷ്യാവകാശ മേധാവി ലോകമെന്പാടും പ്രസിദ്ധിയാർജിച്ചത്. ഡർബനിലെ ബസ് ഡ്രൈവറുടെ മകളായ നവി പിള്ള തന്റെ യാത്ര തുടങ്ങുന്നത് ദക്ഷിണാഫ്രിക്കയിലെ വർണവിവേചനനിലങ്ങളിൽനിന്നാണ്.
തമിഴ് പാരമ്പര്യമുള്ള ഇന്ത്യൻ വംശജരായ മാതാപിതാക്കളുടെ മകളായാണ് നവിയുടെ ജനനം. ഏറ്റവും സാധാരണ പശ്ചാത്തലത്തിൽ നിന്നുള്ളവരായിരുന്നു അവരുടെ മാതാപിതാക്കളായ ശന്തമ്മയും നാരേൻസാമി നായിഡുവും. എട്ട് മക്കളടങ്ങുന്ന വലിയ കുടുംബമായിരുന്നു നവിയുടേത്. ദക്ഷിണാഫ്രിക്കയിലെ വർണവിവേചന കാലഘട്ടത്തിൽ കറുത്തവർഗക്കാർ നേരിട്ട കടുത്ത വെല്ലുവിളികൾക്കിടയിലും നവി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. 1963-ൽ നറ്റാൽ സർവകലാശാലയിൽനിന്ന് ബിരുദവും രണ്ടു വർഷത്തിനുശേഷം നിയമബിരുദവും നേടി. തുടർന്ന്, ഹാർവാർഡ് സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി.
1965-ൽ ഇന്ത്യൻ വംശജൻ തന്നെയായ ഗാബി പിള്ള എന്ന അഭിഭാഷകനെ അവർ വിവാഹം കഴിച്ചു. ഇവർക്ക് ഈശ്വരി, കാമിനി എന്നിങ്ങനെ രണ്ടു മക്കളുണ്ട്. പാർക്കിലെ ഊഞ്ഞാലുകൾ വെളുത്തവർഗക്കാർക്കു മാത്രമുള്ളതാണെന്നറിഞ്ഞിട്ടും, തന്റെ പെൺമക്കളെ അവിടെ കൊണ്ടുപോകുമായിരുന്നു എന്ന് നവി പിള്ളെ ഒരിക്കൽ ദക്ഷിണാഫ്രിക്കൻ മാധ്യമത്തോടു വെളിപ്പെടുത്തിയിട്ടുണ്ട്.
1967-ൽ നറ്റാലിൽ സ്വന്തമായി ഒരു ലോ ഫേം ആരംഭിക്കുന്ന ആദ്യത്തെ കറുത്തവർഗക്കാരിയായ വനിതയായി അവർ മാറി. ഈ ചെറിയ ഓഫീസിലിരുന്നു വർഷങ്ങളോളം വർണവിവേചനത്തിനെതിരേ പോരാടിയ പ്രക്ഷോഭകർക്കും രാഷ്ട്രീയ തടവുകാർക്കും വേണ്ടി അവർ നിയമപോരാട്ടം നടത്തി. ദക്ഷിണാഫ്രിക്കയിലെ സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള നവി പിള്ളയുടെ പ്രവർത്തനങ്ങളും സമാനതകളില്ലാത്തതായിരുന്നു. 1992-ൽ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയായ ജെസീക്ക ന്യൂവിർത്തുമായി ചേർന്ന് 'ഇക്വാളിറ്റി നൗ' എന്ന വനിതാസംഘടന രൂപീകരിച്ചു.
'പെൺസുന്നത്ത്', നിർബന്ധിത ബാലവിവാഹം തുടങ്ങിയ അനാചാരങ്ങൾ അവസാനിപ്പിക്കുന്നതിനായി സംഘടന സജീവമായി പ്രവർത്തിച്ചു. വർണവിവേചന ഭരണം അവസാനിച്ചതിനുശേഷം, 1995-ൽ ദക്ഷിണാഫ്രിക്കയിലെ ഹൈക്കോടതി ജഡ്ജിയായി അവർ നിയമിതയായി.
1995-ൽ നവി പിള്ളയുടെ ഔദ്യോഗിക ജീവിതം അന്താരാഷ്ട്രതലത്തിലേക്കു വികസിച്ചു. റുവാണ്ടയ്ക്കായുള്ള അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലിലെ ജഡ്ജിയായി അവർ തിരഞ്ഞെടുക്കപ്പെട്ടു. 1994-ൽ റുവാണ്ടയിലുണ്ടായ വംശഹത്യക്ക് ഉത്തരവാദികളായവരെ വിചാരണ ചെയ്യുന്നതിനായാണ് ഈ ട്രൈബ്യൂണൽ രൂപീകരിച്ചത്. റുവാണ്ടൻ പ്രസിഡന്റായിരുന്ന ജുവനൽ ഹബ്യാരിമാന കൊല്ലപ്പെട്ടതിനെത്തുടർന്ന് ആരംഭിച്ച അക്രമങ്ങളിൽ, തീവ്രവാദികൾ ലക്ഷക്കണക്കിന് ടുട്സി വംശജരെ വധിക്കുകയും ആയിരക്കണക്കിനു സ്ത്രീകളെ പീഡനത്തിനിരയാക്കുകയും ചെയ്തിരുന്നു. ഈ ട്രൈബ്യൂണലിൽ എട്ട് വർഷത്തോളം സേവനമനുഷ്ഠിച്ച നവി പിള്ളെ, 1999 മുതൽ 2003 വരെ അതിന്റെ പ്രസിഡന്റായും പ്രവർത്തിച്ചു. പിന്നീട് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലും അവർ ജഡ്ജിയായി സേവനമനുഷ്ഠിച്ചു.
2008-ൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗത്തിനു നേതൃത്വം നൽകുന്ന ആദ്യ വനിതയായി നവി പിള്ള നിയമിതയായി. 2014 വരെ യുഎന്നിൽ പ്രവർത്തിച്ചു. സമാധാനവും അന്താരാഷ്ട്ര നിയമങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനു നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണു നവി പിള്ളയെ തേടി നൊബേൽ സമ്മാനം എത്തുന്നത്.